Thursday, 10 June 2010

ഇടവേള ബാബു ആരുമല്ല. ജീവിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തിരുന്ന് പ്യൂണ്‍ പണി ചെയ്യുന്ന ആളാണ് - തിലകന്‍.

തിങ്കളാഴ്ച അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തില്‍ ഹാജരാവുമെങ്കിലും തന്‍റെ നിലപാടുകളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്ന് നടന്‍ തിലകന്‍. മോഹന്‍‌ലാല്‍ ആവശ്യപ്പെട്ടതിനുസരിച്ചാണ് അമ്മ യോഗത്തില്‍ ഹാജരാവുന്നതെന്നും തിലകന്‍ പറഞ്ഞു.

മോഹന്‍‌ലാലിനോട് എനിക്ക് ബഹുമാനമുണ്ട്. അദ്ദേഹം നല്ല നടനാണ്. സീനിയര്‍ അഭിനേതാവുമാണ്. അദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് തിങ്കളാഴ്ച ഹാജരാവുന്നത്. അമ്മയുടെ തീരുമാനം അനുകൂലമാണെങ്കില്‍ വഴങ്ങും. എന്നാല്‍ ഇടവേള ബാബുവിനെപ്പോലുള്ളവര്‍ ജോയിന്‍റ് സെക്രട്ടറിയായി ഇരിക്കുന്ന അമ്മയില്‍ നിന്ന് തനിക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ല.

തിലകന് ഒരവസരം കൂടി നല്‍കുന്നുവെന്നും തിങ്കളാഴ്ച ഹാജരായില്ലെങ്കില്‍ തന്നെ പുറത്താക്കുമെന്നും പറയാന്‍ ഇടവേള ബാബു ആരുമല്ല. ജീവിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തിരുന്ന് പ്യൂണ്‍ പണി ചെയ്യുന്ന ആളാണ് അയാള്‍.

തന്നെ നിരന്തരം പടങ്ങളില്‍ നിന്ന് ഒഴിവാക്കുകയാണ്. ഇത്തരത്തില്‍ തൊഴില്‍ നിഷേധം വന്നിട്ടും ഒരക്ഷരം മിണ്ടാതിരിക്കുന്ന അമ്മയുടെ ഭാരവാഹികള്‍ വിളിക്കുന്ന ചര്‍ച്ചയ്ക്ക് പോവുന്നത് കുന്തം പോയാലും കുടത്തിലും തപ്പണമല്ലോ എന്ന് കരുതിയാണ്. അവിടെ ചെന്നാല്‍ കുന്തം കിട്ടുമോ എന്ന് നോക്കട്ടെയെന്നും തിലകന്‍ പറഞ്ഞു.

നേരിട്ട് ഹാജരായി വിശദീകരണം നല്കണമെന്ന് ആവശ്യപ്പെട്ട് ‘അമ്മ’ ഇതിനു മുമ്പ് രണ്ടു തവണ തിലകന് കത്തു നല്കിയിരുന്നു. രണ്ടു തവണയും ദൂതന്‍ മുഖേന മറുപടി നല്കിയ തിലകന്‍ വേറൊരിക്കല്‍ തപാല്‍ മാര്‍ഗവും വിശദീകരണം നല്കിയിരുന്നു. എന്നാല്‍ ഇതില്‍ ‘അമ്മ’ തൃപ്തയായിരുന്നില്ല.

തിങ്കളാഴ്ച കൊച്ചിയില്‍ ‘അമ്മ’യ്ക്കു മുമ്പില്‍ നേരിട്ടെത്തി കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അമ്മ ഇപ്പോള്‍ കത്തു നല്കിയിരിക്കുന്നത്. ഹാജരായില്ലെങ്കില്‍ തിലകന് ‘അമ്മ’യെ ഒന്നും ബോധിപ്പിക്കാനില്ലെന്ന് കരുതി നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും സംഘടന അറിയിച്ചിരുന്നു

No comments:

Post a Comment