സൂപ്പര്‍താരങ്ങള്‍ക്ക് പൃഥ്വിരാജിനെ ഭയമാണെന്ന് നടന്‍ തിലകന്‍. ഈ ഭയം കാരണമാണ് പൃഥ്വിയുടെ സിനിമകള്‍ ഫാന്‍സിനെ ഉപയോഗിച്ച് കൂവിത്തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നും തിലകന് പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിലകന്‍ സൂപ്പര്‍താരങ്ങള്‍ക്കെതിരെ വീണ്ടും രംഗത്തുവന്നത്.
പുതുതലമുറയിലെ ആണത്തമുള്ള നടനാണ് പൃഥ്വി. അത്യാവശ്യം സംസാരിക്കാനറിയാവുന്ന ചെറുപ്പക്കാരനുമാണ്. മാത്രമല്ല നടന്‍ സുകുമാരന്റെ മകന്‍ കൂടിയാണ്. ഈ തന്റേടമാണ് തനിക്ക് അനുകൂലമായി സംസാരിക്കാന്‍ പൃഥ്വിരാജിനെ പ്രേരിപ്പിച്ചതെന്നും തിലകന്‍ പറഞ്ഞു.
ഇതേചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി തിലകന് അനുകൂലമായി സംസാരിച്ചത്. തിലകനെ മാറ്റിനിര്‍ത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പൃഥ്വി അദ്ദേഹത്തെ അനുകൂലിച്ച് സംസാരിച്ചത്. ഒരു നടനെയും സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനോട് അനുകൂലിക്കുന്നില്ലെന്ന് പൃഥ്വി പറഞ്ഞിരുന്നു.
ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്നത് തന്നോട് ആരും ഇതേപ്പറ്റി ചോദിക്കാത്തതു കൊണ്ടാണെന്നും പൃഥ്വി പറഞ്ഞിരുന്നു. തിലകന്‍ വിഷയം കത്തി നില്‍ക്കുമ്പോള്‍ മമ്മൂട്ടി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൃഥ്വിയും പങ്കെടുത്തിരുന്നു.
എന്നാല്‍ എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ചശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ മമ്മൂട്ടിയും പൃഥ്വിയും മടങ്ങുകയായിരുന്നു
No comments:
Post a Comment